ടെക്നോപാർക്ക് തിരുവനന്തപുരം

ടെക്നോപാർക്ക് 
ഏഷ്യയിലെ ഏറ്റവും വലിയ ഐടി പാര്‍ക്കായ കഴക്കൂട്ടം ടെക്നോപാര്‍ക്ക്‌ കാല്‍ നുറ്റാണ്ട്‌ പിന്നിട്ടു.1990ല്‍ 8,000 ചതുര്രശ അടിയുള്ള പമ്പ എന്ന കെട്ടിടത്തില്‍ 50 ജീവനക്കാരുമായി തുടങ്ങിയ ടെക്നോപാര്‍ക്കില്‍ ഇപ്പോള്‍ 342 കമ്പനികള്‍ ഉണ്ട്‌. 47,000 ജീവനക്കാരാണ്‌ ജോലിചെയ്യുന്നത്‌. ഒന്നേകാല്‍ ലക്ഷം പേരാണ്‌ പരോക്ഷമായി ടെക്നോപാര്‍ക്കുമായി ബന്ധപ്പെട്ടു ജോലിചെയ്യുന്നത്‌. ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്‌ കേരള
സര്‍വകലാശാലയുടെ കീഴിലായിരുന്ന വൈദ്യന്‍കുന്ന്‌ എന്ന കുറ്റിക്കാടും കുന്നുകളും നിറഞ്ഞ 50 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത്‌ ആദ്യത്തെ ഐടി പാര്‍ക്ക്‌ ഉദ്ഘാടനം ചെയുന്നത്‌. മൂന്നാംഘട്ട വികസനം പൂര്‍ത്തിയാകുമ്പോള്‍ ഇന്നു ടെക്നോപാര്‍ക്കിന്‌ 800 ഏക്കര്‍ ഭൂമി സ്വന്തമായിട്ടുണ്ട്‌. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഐടി പ്രഫഷനലുകളാണ്‌ ഇവിടത്തെ കമ്പനികളില്‍ ജോലിചെയ്യുന്നവരില്‍ ഭൂരിഭാഗവും. ടെക്നോപാര്‍ക്കിന്റെ നാലാംഘട്ട വികസനത്തിന്റെ ഭാഗമായി അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ ടോറസ്‌ 15,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്‌. അതിനായി ഒന്‍പതുലക്ഷം ച. അടി വരുന്ന പുതിയ കെട്ടിടത്തിന്റെ നിര്മാണം ഉടന്‍ ആരംഭിക്കും. വരുന്ന അഞ്ചുവര്‍ഷം കൊണ്ട്‌ 56,000 പേര്‍ക്കുകൂടി തൊഴില്‍ ലഭിക്കും.

ടെക്നോസിറ്റി

ബയോടെക്നോളജിയും നാനോടെക്നോളജിയും ഉള്‍പ്പെടെ ഐടി മേഖലയ്ക്കായി വിശാലമായ കവാടം തുറന്നിടുകയാണ്‌ ടെക്നോസിറ്റി. പള്ളിപ്പുറം സിആര്‍പി ക്യാംപിനു സമീപം 423 ഏക്കര്‍ സ്ഥലത്താണ്‌ ടെക്നോസിറ്റി ഒരുങ്ങുന്നത്‌. ഐടി ടൗൺ, റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടമെന്റ്സ്‌, ഷോപ്പിങ്‌ മാളുകള്‍, മള്‍ട്ടിപ്ലക്സസ്‌, ഹോസിപിറ്റലുകള്‍, ഹോട്ടലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങി വലിയൊരു ഐടി ലോകമാണ്‌ വിഭാവനം ചെയ്യുന്നത്‌. ട്രിപ്പിള്‍ ഐടിഎംകെയുടെ രാജ്യാന്തര ക്യാംപസിന്റെ പണി ആരംഭിച്ചു കഴിഞ്ഞു. ടാറ്റാ കണ്‍സര്‍റ്റന്‍സി ഗ്ലോബല്‍ അക്കാദമി പരിശീലന ക്രേന്ദത്തിന്റെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇന്‍ഫോസിസ്‌ അടക്കമുള്ള ഐടി ഭീമന്‍മാരും ടെക്നോസിറ്റിയിലേക്ക്‌ ചേക്കേറാന്‍ ഒരുങ്ങിയിട്ടുണ്ട്‌.