കണിക്കൊന്ന

Cassia Fistula Meaning in Malayalam - കണിക്കൊന്ന (Kanikonna)

കേരളത്തിന്റെ ഔദ്യോഗിക പുഷ്പമാണ്‌ കണിക്കൊന്ന. വിഷുദിനത്തില്‍ കണികാണാനായി ഈ പൂവ്‌ ഉപയോഗിക്കുന്നതിനാലാണ്‌ കണിക്കൊന്ന എന്ന്‌ പേര് ലഭിച്ചത്‌. വൃക്ഷങ്ങളുടെ രാജാവ്‌ എന്ന അര്‍ഥത്തില്‍ രാജവ്യക്ഷമെന്നും സംസ്കൃതത്തില്‍ പേരുണ്ട്‌. കേരളത്തിലെ മിക്ക ഭാഗങ്ങളിലും കണിക്കൊന്ന വളരുന്നു. ഇപ്പോള്‍ കാടുകളിലും കണിക്കൊന്ന വളരുന്നുണ്ട്‌. ഇന്ത്യ കൂടാതെ, ശ്രീലങ്ക, ബര്‍മ എന്നിവിടങ്ങളിലും ഈ മരമുണ്ട്‌. അലങ്കാര വൃക്ഷമായും നട്ടു വളര്‍ത്തുന്നുണ്ട്‌.


കണിക്കൊന്ന പൂക്കുന്നത്‌ വേനല്‍ക്കാലത്താണ്‌. മാര്‍ച്ച്‌-ഏപ്രില്‍ മാസമാണ്‌ പൂക്കാലം. ഇലപൊഴിക്കുന്ന മരമായതിനാല്‍ മിക്കവാറും ഇലകളില്ലാത്ത ശാഖകളിലായിരിക്കും പൂവുണ്ടാകുന്നത്‌. മിക്കപ്പോഴും മരം മുഴുവനും പൂത്തുനില്‍ക്കും. അതിമനോഹരമായ കാഴ്ചയാണിത്‌. കുലകളായാണ്‌ പൂവുണ്ടാകുന്നത്‌, പൂങ്കുലകള്‍ മിക്കവാറും താഴേക്കു തുങ്ങിക്കിടക്കുന്ന രീതിയിലാണ്‌. ഒരു കുലയില്‍ ധാരാളം മൊട്ടുകളും പൂക്കളും ഉണ്ടാകും. കണിക്കൊന്നപ്പൂക്കള്‍ക്ക്‌ അഞ്ച്‌ ഇതളുകളാണ്‌. ഇതളുകള്‍ക്ക്‌ ഒരേ വലിപ്പമല്ല. അതിനാല്‍ മൂന്നെണ്ണം അരിവാളുപോലെ മുകളിലേക്ക്‌ വളഞ്ഞിരിക്കുന്നു. മറ്റു ചിലതിന്‌ ഇവയുടെ പകുതി നീളമാണുള്ളത്‌. നേരിയ മണവുമുണ്ടാകും. പടര്‍ന്നു പന്തലിച്ച്‌ വളരുന്ന കണിക്കൊന്ന ഒരു ഇടത്തരം വൃക്ഷമാണ്‌. ഈ മരം മാര്‍ച്ച്‌-ഏപ്രില്‍ മാസങ്ങളിലാണ്‌ ഇല പൊഴിക്കുന്നത്‌. ഇതിന്റെ കായ മുരിങ്ങക്കായ്‌ പോലെ തൂങ്ങിക്കിടക്കുകയാണ്‌ പതിവ്‌. വിത്തുകള്‍ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലേ മുളയ്ക്കുകയുള്ളു. കാഷ്യാ ഫിസ്റ്റുല എന്നാണ്‌ കണിക്കൊന്നയുടെ ശാസ്ത്ര നാമം.

Previous Post Next Post