കൃഷ്ണകിരീടം

Clerodendrum Paniculatum Meaning in Malayalam - കൃഷ്ണകിരീടം (Krishnakireedam)

പേരു കൃഷ്ണകിരിടമെന്നാണെങ്കിലും ഈ ചെടിക്ക്‌ ശ്രീകൃഷ്ണനുമായി യാതൊരു ബന്ധവുമില്ല, എന്നാല്‍ കിരീടവുമായി ബന്ധമുണ്ടുതാനും. ഒറ്റനോട്ടത്തില്‍ അതു മനസ്സിലാകും. നാട്ടില്‍നിന്നും കാട്ടിലെത്തിയ ഒരു കുറ്റിച്ചെടിയാണിത്‌. ഇവയുടെ ജന്മദേശം ഇന്ത്യയല്ലെന്ന്‌ പറയപ്പെടുന്നു. കാട്ടിലും വെളിമ്പ്രദേശത്തും ഈ ചെടി കണ്ടുവരുന്നുണ്ട്‌. പക്ഷെ വ്യാപകമല്ല. നനവാര്‍ന്ന മണ്ണാണ്‌ ഇവയ്ക്ക്‌ ഇഷ്ടം. ശാഖകള്‍ കുറവാണ്‌ മിക്കവാറും കുറ്റിച്ചെടിയായിട്ടാണ്‌ വരുന്നത്‌. പൂക്കൾ ആകര്‍ഷകമാണ്‌.


പിരമിഡ്‌ ആകൃതിയിലാണ് പൂങ്കുല ഉണ്ടാകുന്നത്. അതിൽ അനേകം പൂക്കളുണ്ടാകും. പുങ്കുലയ്ക്ക്‌ 25-35 സെന്‍റിമീറ്റര്‍ നീളമുണ്ടാകും. നിരവധി പൂക്കളാണ്‌ പുങ്കുലയിലുള്ളത്‌. പൂക്കള്‍ ചെറുതാണ്‌. പൂക്കള്‍ക്ക്‌ വെള്ളയും ചുവപ്പും കലര്‍ന്ന നിറമാണെങ്കിലും ദൂരക്കാഴ്ചയ്ക്ക്‌ ചുവപ്പുനിറം. ധാരാളം പുക്കള്‍ ഒന്നിച്ച്‌ കുലയായി കാണുമ്പോള്‍ മനോഹരമായ കാഴ്ചയായി അതു മാറുന്നു. ഒറ്റനോട്ടത്തില്‍ ഒരു കിരീടം പോലെ തോന്നും. പൂങ്കുലയ്ക്ക്‌ പല നിലകളുള്ള ക്ഷേത്രത്തിന്റെ രൂപമുള്ളതിനാല്‍ പഗോഡ എന്നും ഈ ചെടിക്ക്‌ പേരുണ്ട്‌. പൂക്കള്‍ക്ക്‌ അഞ്ച്‌ ഇതളുകളാണുള്ളത്. പൂക്കള്‍ കുറച്ചു ദിവസം വാടാതെ നില്‍ക്കാറുമുണ്ട്‌. ഇലകള്‍ക്ക്‌ നല്ല വലിപ്പമുണ്ട്‌. ഹൃദയാകൃതിയിലുള്ള ഇലകള്‍ക്ക്‌ നല്ല പച്ചനിറമാണ്‌. ഔഷധസസ്യമായും ഇവയെ പ്രയോജനപ്പെടുത്തുന്നുണ്ട്. ശാസ്ത്രനാമം: സെറോഡെൻഡ്രം പാനിക്കുലേറ്റം.

Previous Post Next Post