മുക്കുറ്റി

Biophytum Sensitivum Malayalam Name - മുക്കുറ്റി

കേരളത്തിൽ കണ്ടുവരുന്ന ഏറ്റവും ചെറിയ സസ്യങ്ങളിൽ ഒന്നാണ് മുക്കുറ്റി. ഇതൊരു ഔഷധസസ്യമാണ്. ആയുർവേദത്തിലെ ദശപുഷ്പങ്ങളിൽ ഒന്നാണിത്. കേരളത്തിലെ എല്ലാ പ്രദേശത്തും ഈ കൊച്ചുചെടി വളരുന്നുണ്ട്. കാട്ടിലും നാട്ടിലും ഒരുപോലെ വളരുന്ന മുക്കുറ്റിച്ചെടികൾ ഏവർക്കും സുപരിചിതമാണ്. നമ്മുടെ വീട്ടുമുറ്റത്തു വരെ ഇവ കാണപ്പെടുന്നുണ്ട്‌. ഓണക്കാലത്ത് പൂക്കളം നിറയ്ക്കാനും മറ്റും മുക്കുറ്റി ഉപയോഗിച്ചിരുന്നു. നിലത്തുനിന്നും ഒരിഞ്ച്‌ ഉയരത്തിലാണ്‌ മുക്കുറ്റി വളരുന്നത്‌. ഭൂമിയോടു ചേര്‍ന്നുതന്നെ വളരുകയാണെന്ന്‌ പറയാം.


8 മുതല്‍ 20 വരെ ഇലകളുണ്ടാവും. ഇലകള്‍ തീരെ ചെറുതാണ്. മഞ്ഞ നിറമുള്ളവയാണ് മുക്കുറ്റിപ്പൂക്കൾ. പൂക്കൾ മുകളിലേയ്ക്ക് ഉയർന്നാണ് വളരുന്നത്. ഇതിന്റെ തണ്ടിന് മൂന്നിഞ്ചോളം നീളമുണ്ടാവും. അഞ്ച് ഇതളുകളാണുള്ളത്‌. പ്രത്യേകിച്ച്‌ സുഗന്ധമൊന്നും മുക്കുറ്റിപ്പൂകള്‍ക്കില്ല. പുക്കള്‍ ചെറുതാണെങ്കിലും മനോഹരങ്ങളാണ്‌. മുക്കുറ്റിച്ചെടികള്‍ ഇപ്പോള്‍ കേരളത്തില്‍ കുറഞ്ഞുവരികയാണെന്ന്‌ പറയപ്പെടുന്നു. മുക്കുറ്റിക്ക്‌ തീണ്ടവാടിയെന്നും പേരുണ്ട്‌. ഔഷധമായും ഉപയോഗിക്കാറുണ്ട്. ശാസ്ത്രനാമം: ഫൈറ്റം സെന്‍സിറ്റൈവം. 

Previous Post Next Post